രാജ്യത്തിന്റെ പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ(59)യെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കരസേനാ ഉപമേധാവിയായ അദ്ദേഹം 2022 മേയ് ഒന്നിന് ചുമതലയേല്‍ക്കും. സേനയുടെ കോര്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍നിന്ന് സേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്. 62 വയസ്സുവരെ തുടരാം.
കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയുടെ കാലാവധി 2022 ഏപ്രില്‍ 30-ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നാഗ്പുര്‍ സ്വദേശിയായ പാണ്ഡെയുടെ നിയമനം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠിച്ച പാണ്ഡെ 1982 ഡിസംബറിലാണ് കോര്‍ ഓഫ് എന്‍ജിനിയേഴ്‌സിന്റെ ഭാഗമായത്. ബ്രിട്ടനിലെ കാംബേര്‍ലി സ്റ്റാഫ് കോളേജിലായിരുന്നു ബിരുദപഠനം. ഐക്യരാഷ്ട്രസഭയുടെ എത്യോപ്യ, എറിത്രിയ ദൗത്യത്തില്‍ ചീഫ് എന്‍ജിനിയറായിരുന്നു. അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെയും കിഴക്കന്‍ കമാന്‍ഡിന്റെയും കമാന്‍ഡര്‍ ഇന്‍ ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഉപ സേനാമേധാവിയായത്.