വനിതാക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യക്ക് ആദ്യ കിരീടം

വനിതാ ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യക്ക് കന്നിക്കിരീടം. ആവേശമുയര്‍ത്തിയ കലാശക്കളിയില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ആതിഥേയരുടെ ജയം 52 റണ്‍സിന്. ദീപ്തി ശര്‍മ്മയുടേയും ഷെഫാലി വര്‍മയുടേയും ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ദീപ്തി അര്‍ദ്ധ സെഞ്ചുറിയും അഞ്ചുവിക്കറ്റും നേടി. ഷെഫാലി അര്‍ദ്ധ സെഞ്ചുറിയും രണ്ടു വിക്കറ്റും സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 298. ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246-ന് പുറത്ത്.

ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തിന്റെ (101) ഉജ്വല സെഞ്ചുറിയുടെ മികവില്‍ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ദക്ഷിണാഫ്രിക്കയെ തളച്ചത് ദീപ്തി ശര്‍മ്മയാണ്. ലോറയുടേത് ഉള്‍പ്പെടെ അഞ്ചു വിക്കറ്റുകളാണ് ദീപ്തി പിഴുതെറിഞ്ഞത്.

രണ്ടു വിക്കറ്റുമായി ഷെഫാലി വര്‍മ്മയും ദീപ്തിക്ക് പിന്തുണ നല്‍കി. ഷെഫാലി ഫൈനലിലെ താരമായപ്പോള്‍ ദീപ്തി ചാമ്പ്യന്‍ഷിപ്പിലെ താരമായി. മൊത്തം 22 വിക്കറ്റും 215 റണ്‍സുമാണ് ദീപ്തി നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെയും (87) ദീപ്തി ശര്‍മ്മയുടെയും (58) അര്‍ധ സെഞ്ചുറി പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ സ്മൃതി മന്ഥാനയും (45) ഷെഫാലിയും ചേര്‍ന്ന് ഇന്ത്യക്ക് 104 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ റണ്‍നിരക്ക് കുറഞ്ഞു. ദീപ്തി ശര്‍മ്മയും റിച്ച ഘോഷും (34) ചേര്‍ന്നാണ് അവസാന ഓവറുകളില്‍ സ്‌കോര്‍ മുന്നൂറിന് അടുത്തെത്തിച്ചത്. മൂന്നു വിക്കറ്റെടുത്ത അയബോംഗ ഖാക ആതിഥേയര്‍ കൂറ്റന്‍ സ്‌കോര്‍ നേടുന്നതിന് തടയിട്ടു.

മുന്‍പ് രണ്ടുതവണ ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു. 2005-ല്‍ ഓസ്‌ട്രേലിയയോടും 2017-ല്‍ ഇംഗ്ലണ്ടിനോടുമാണ് കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഫൈനല്‍ കളിച്ചത്.

വളരെ പുതിയ വളരെ പഴയ